Tuesday, February 7, 2012

പഠന പ്രോജക്ട്

പഠന പ്രോജക്ട്

ആമുഖം :- സാങ്കേതിക വിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന യുഗത്തിലാണ് നാം.ആധുനിക സാങ്കേതിക വിദ്യയുടെ വരദാനമാണ് മൊബൈല്‍ഫോണ്‍. ഈ യുഗത്തില്‍ മനുഷ്യനെ ഏറ്റവും അധികം സ്വാധീനിച്ച ഉപകരണമേതെന്ന ചോദ്യത്തിന് അനായാസം ലഭിക്കുന്ന ഉത്തരമാണ് മൊബൈല്‍ഫോണ്‍. നഗരഗ്രാമഭേദമന്യേ കേരളത്തിന്റെ മുക്കിലും മൂലയിലും മൊബൈലിന്റെ മണിനാദം സുപരിചിതമാണ്. ഇത് നമ്മുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ്. നമ്മെ വളരെയേറെ സഹായിക്കുന്ന ഈ ഉപകരണത്തെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്താനാവില്ല. വളരെയേറെ ഉപയോഗമുള്ള ഈ ഉപകരണം ഉയര്‍ത്തുന്ന ആരോഹ്യ -സാമൂഹിക പ്രശ്നങ്ങള്‍ അധികമാര്‍ക്കും അറിയില്ല. മൊബൈല്‍ഫോള്‍ മാത്രമല്ല, മൊബൈല്‍ടവറുകളും അപകടകാരിയാണ്. മൊബൈലിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് ലോക ആരോഗ്യ സംഘടനയുടെ പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ പല ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്.

രോഗങ്ങളിലേക്കോ ഈ റിംഗ്ടോണ്‍' എന്ന തലക്കെട്ടില്‍ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ.എന്‍.എസ്. അരുണ്‍കുമാറിന്റെ ലേഖനമാണ് പ്രോജക്ടിനായി ഈ വിഷയം ഏറ്റെടുക്കാന്‍ എനിക്ക് പ്രേരണയായത്. മൊബൈല്‍ഫോണ്‍ ഉയര്‍ത്തുന്ന സാമൂഹിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടാനും ഇതിന്റെ വിപത്തിനെക്കുറിച്ച് എന്റെ കൂട്ടുചുകാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനായി ഈ പഠനപ്രോജക്ട് ഞാന്‍ ഏറ്റെടുക്കുന്നു.


ലക്ഷ്യങ്ങള്‍:- മൊബൈല്‍ സാര്‍വത്രികമാകാനുള്ള കാരണങ്ങള്‍ കണ്ടെത്തുക.

സമൂഹത്തില്‍ മൊബൈല്‍ഫോണുകളുടെ സ്വാധീനം എത്രത്തോളമാണെന്നറിയുക.

മൊബൈല്‍ഫോണിന്റെ ഉപയോഗത്തിലൂടെ ഉടലെടുക്കുന്ന സാമൂഹിക ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുക. പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ സമൂഹത്തിനു മുന്‍പാകെ അവതരിപ്പിക്കുക.കണ്ടെത്തലുകളെ അടിസ്ഥാനമാക്കി പൊതുജനബോധവത്കരണത്തിനായി പോസ്റ്റര്‍ , പത്രിക മുതലായവ നിര്‍മ്മിക്കുക.

പഠനരീതി:-

സാമ്പിള്‍ തെരഞ്ഞെടുപ്പ്

വിവിധതലത്തിലും പ്രായത്തിലുമുള്ള ആളുകളെ വിവരശേഖരണത്തിനായി തെരഞ്ഞെടുക്കല്‍

വിവരശേഖരണത്തിനുപയോഗിച്ച സാമഗ്രികള്‍, സങ്കേതങ്ങള്‍

അഭിമുഖം

എന്റെ പ്രോജക്ടിനെക്കുറിച്ചറിയാന്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുള്ളവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തി.

ചോദ്യാവലി

ആളുകളെ സമീപിച്ച് മൊബൈലിന്റെ ഉപയോഗത്തേയും വിപത്തിനെയും കുറിച്ച് ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ശേഖരിച്ചു.

നിരീക്ഷണം

മൊബൈലിന്റെ ഉപയോഗം നേരിട്ട് നിരീക്ഷിച്ചു.

അവലോകനം

വിവരശേഖരണത്തിനായി ഇന്റര്‍നെറ്റ്, വര്‍ത്തമാന പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ മുതലായവ ഉപയോഗപ്പെടുത്തി.

വിവരശേഖരണ രീതി

സ്കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ഞാന്‍ ആളുകളെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ചോദ്യാവലിയില്‍ രേഖപ്പെടുത്തി വാങ്ങി.

വിവരങ്ങളുടെ ക്രോഡീകരണം , അപഗ്രഥനം

വിവര സാങ്കേതികവിദ്യയുടെ ജീവനാഡിയാണ് വാര്‍ത്താവിനിമയം.ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സാങ്കേതികവിദ്യയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. എന്നാല്‍ സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ സ്വാധീനം ജീവിതനിലവാരത്തിന്റെ വളര്‍ച്ചയ്ക്ക് പകരം തകര്‍ച്ചയിലേക്കായിരിക്കും കൊണ്ടെത്തിക്കുക. 1876 -ല്‍ ഗ്രഹാംബെല്‍ സംസാരിക്കുന്ന യന്ത്രം കണ്ടുപിടിച്ചതുമുതല്‍ സാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യയാണ് വാര്‍ത്താവിനിമയ മേഖലയ്ക്ക് ഇത്രയധികം പുരോഗതിയുണ്ടാക്കാന്‍ കാരണം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമ നഗര ഭേദമില്ലാതെ മൊബൈല്‍ വളരെയേറെ പ്രചാരം നേടിക്കഴിഞ്ഞു.

സെല്‍ഫോണ്‍ എന്നു പേരു വരാനുള്ള കാരണം

മൊബൈല്‍ വാര്‍ത്താവിനിമയ മേഖലയിലെ അനിവാര്യ ഘടകമാണ് മൊബൈല്‍ ടവറുകള്‍.

ഒരു മൊബൈല്‍ ടവറിന്റെസ്വാധീന പരിധിയില്‍ മൊബൈല്‍ വഴിയുള്ള വാര്‍ത്താവിനിമയത്തിന് കീഴില്‍ വരുന്ന പ്രദേശത്തെ ആറ് സമവശമുള്ള ഷഡ്ഭുജ ജ്യാമിതീയ രൂപത്തിലുള്ള സെല്ലുകളായി വേര്‍തിരിച്ചിരിക്കുന്നു.ഓരോ സെല്‍ പ്രദേശവും വിവിധ ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു.മൊബൈല്‍ഫോണ്‍ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് ഒരു പ്രദേശമെല്ലാം സെല്ലുകളായും ഖണ്ഡങ്ങളായും തിരിച്ചിരിക്കുന്നത്. അതിനാലാണ് മൊബൈലിനെ സെല്‍ ഫോണ്‍ എന്നു പറയുന്നത്. ഫോണില്‍ സംസാരിക്കുന്ന സമയത്ത് ശബ്ദം സെല്‍ഫോണിന്റെമൈക്രോഫോണ്‍ റോഡിയോ തരംഗങ്ങളാക്കി മാറ്റി ആന്റിന വഴി സംപ്രേഷണം ചെയ്യുന്നു. മൊബൈല്‍ ടവര്‍ വഴി സിഗ്നല്‍ സ്വീകരിക്കുന്നതും അയയ്ക്കുന്നതും വ്യത്യസ്ത ഫ്രീക്വന്‍സികളിലാണ്. അങ്ങനെ സെല്‍ഫോണ്‍ വഴിയുള്ള സംസാരം സുഗമമാകുന്നു.

മൊബൈല്‍ സാര്‍വത്രികമാകാനുള്ള കാരണങ്ങള്‍

വാര്‍ത്താവിനിമയ മേഖലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ സാങ്കേതിക വിദ്യ നടത്തിയ വിപ്ലവമാണ് മൊബൈല്‍ഫോണിന്റെ സാര്‍വലൗകിക അംഗീകാരം.മൊബൈല്‍ഫോണ്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തിയ വാര്‍ത്താവിനിമയ ഉപാധിയാണ്.ഇത്രയേറെ സാര്‍വത്രികമാകാനുള്ള കാരണങ്ങള്‍ നിരവധിയാണ്. ഏറ്റവും ചെലവു കുറഞ്ഞ വാര്‍ത്താവിനിമയ ഉപാധിയാണ് ഫോണ്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതു മുക്കിലും മൂലയിലുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്നു.കാലദേശഭേദമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ മേന്മ തന്നെ. അപകട സന്ദര്‍ഭങ്ങളിലും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും പുറം ലോകവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പറ്റിയ ഉപാധിയാണ് മൊബൈല്‍ഫോണ്‍. SMS സൗകര്യം, ഇ മെയില്‍, ഇന്റര്‍നെറ്റ് മുതലായ സകര്യങ്ങളും ഇന്ന് ഫോണില്‍ ലഭ്യമാണ്. ബ്ലൂ ടൂത്ത് സാങ്കേതികവിദ്യയിലൂടെ ചിത്രങ്ങളും വീഡിയോകളും കൈമാറാനുള്ള സൗകര്യം മൊബൈലില്‍ ഉണ്ട്. ക്യാമറ, വീഡിയോ ചിത്രീകരണത്തിനും സംഗീത ആസ്വാദനത്തിനും മൊബൈല്‍ സഹായിക്കുന്നു. വീടിനു പുറത്താണെങ്കിലും എസ്.എം.എസ് വഴി ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. കാര്‍ മോഷണം, മൊബൈല്‍ മോഷണം എന്നിവ തടയാനും മൊബൈല്‍ഫോണ്‍ സഹായിക്കുന്നു.മൊബൈല്‍ഫോണ്‍ വഴി ബാങ്കിംഗും സാധ്യമാകുന്നു.ഇതിനെ M BANKING എന്നു പറയുന്നു. ഇതിനു പുറമെ പുതുതായി ബാങ്കുകള്‍ അവതരിപ്പിച്ചു തുടങ്ങിയതാണ് IMPS(Inter Bank Mobile Payment Service) അതായത് അതിവേഗ എസ്.എം.എസ് വഴി പണം കൈമാറ്റം സാധ്യമാകുന്നു,അക്കൗണ്ട് നമ്പര്‍ വെളിപ്പെടുത്താതെ തന്നെ.

ആരോഗ്യ പ്രശ്നങ്ങള്‍

മൊബൈല്‍ ഫ്രീക്വന്‍സി

മൊബൈല്‍സേവന ദാതാക്കള്‍ മൊബൈല്‍ വാര്‍ത്താവിനിമയ ശ്യംഖലയുടെ രണ്ട് വിധത്തിലുള്ള സാങ്കോതിക വിദ്യകളാണ് ഉപയുക്തമാക്കുന്നത്.

1.G.S.M(Global System For Mobile communication)

2.C.D.M.A (Code Division Multiple Access) ഇതില്‍ G.S.M ആണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ളത് .

ഒരുതരം അദൃശ്യതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് മൊബൈല്‍ഫോണുകളുടെ പ്രവര്‍ത്തനം.വിദ്യുത് കാന്തിക തരംഗങ്ങളുടെ കൂട്ടത്തില്‍പെടുന്നവയില്‍ ഒരു ന്ശ്ചിത ആവൃത്തിയില്‍പെടുത്തവയാണ് ഇതിനായി ഉപയോഗിക്കുന്നത്.800മെഗാഹെട്സിനും 1900മെഗാഹെട്സിനും ഇടയിലുള്ളവ. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ തരംഗവാഹിയായ് എത്തുന്ന ഈ ഊര്‍ജത്തിന്റെ വലിയ ഒരു അളവ് വരെ തലച്ചോറിലെ ജീവകോശങ്ങള്‍ വലിച്ചെടുക്കും അപകടരഹിതമായ തരത്തില്‍ എത്രത്തോളം ഊര്‍ജം ഇങ്ങനെ വലിച്ചെടുക്കാം എന്നതിനെ സൂചിപ്പിക്കാനായി ഒരു അന്തര്‍ദേശിയ ഏകകം നിലവിലുണ്ട്.ഇതാണ് Specific Energy Absorption Rateഅഥവാ SAR.ഇത് 0.4ആകുന്നു.അതായത് 1 kg ഭാരം വരുന്ന ശരീര ഭാഗത്തില്‍ 0.4വാട്സ് ഊര്‍ജമേ എത്തിച്ചേരാവു.ഇതാണ് അപകടരഹിതമായ SAR പരിധി.എന്നാല്‍ പലരാജ്യങ്ങളിലും മൊബൈല്‍ ഫോണുകളുടെ SAR പരിധി പലതാണ്. ഇന്ത്യയില്‍ വില്ക്കുന്ന ഫോണുകളുടെ SAR പരിധി 1.92 വരെ എത്തുന്നതായ് കണ്ടിട്ടുണ്ട്. കമ്പനികള്‍ പറയുന്നുSAR പരിധിയിലാണോ മെബൈല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാര്‍ക്ക് മാര്‍ഗമില്ല.മെബൈല്‍ ഫോണ്‍വഴി സംസാരിക്കുന്നതിന്റെ സമയം കൂടുന്നതിനനുസരിച്ച് നമ്മുടെ തലച്ചോറിലുള്ള കോശങ്ങള്‍ ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ അളവും വര്‍ധിച്ചുകൊണ്ടിരിക്കും. കുട്ടികളുടെ ജൈവ കോശങ്ങളുടെ വിദ്യുത്ചാലകത്വം കൂടുതലായതിനാല്‍ മുതിര്‍ന്നവരില്‍ കാണുന്ന SAR മൂല്യത്തെക്കാള്‍ വളരെ കുറവായിരിക്കണം കുട്ടികളില്‍.ഇതുപോലെ ഒരു വേര്‍തിരിവ് ഇതു വരെയും മൊബൈല്‍ഫോണ്‍ സാങ്കേതിക വിദ്യയില്‍ ഉണ്ടായിട്ടില്ല.ശരീരം ആഗിരണം ചെയ്യുന്ന റേഡിയേഷന്റെ അളവ് കുറയ്ക്കാന്‍ SAR ഏറ്റവും കുറഞ്ഞമൂല്യമുള്ള മൊബൈല്‍ സെറ്റ് തെരഞ്ഞെടുക്കണം.വെബ്സൈറ്റില്‍ മൊബൈലുകളുടെ SAR മൂല്യം നമുക്കു ലഭ്യമാണ്. ഒരു ദിവസം ആറ് മിനിട്ടില്‍ കൂടുതല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ മൊബൈല്‍ സെറ്റുകളില്‍ SAR മൂല്യം രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇരുപത് മിനിട്ട് നേരം മൊബൈല്‍ ഉപയോഗിച്ചാല്‍ ചെവിയുടെ ഭാഗത്തെ ഊഷ്മാവില്‍ ഒരു ഡിഗ്രി സെന്റിഗ്രേഡില്‍ വര്‍ധന ഉണ്ടാകും. രണ്ട് ഡിഗ്രി സെന്റിഗ്രേഡില്‍ കൂടുതല്‍ വര്‍ധിക്കുമ്പോഴാണ് മസ്തിഷ്കം റേഡിയേഷന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുന്നത്.കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍,വൃദ്ധ ജനങ്ങള്‍ തുടങ്ങിയവരിലാണ് റേഡിയേഷന്റെ പ്രഭാവം കൂടുതല്‍ സൃഷ്ടിക്കുന്നത്..ഞാന്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ എഴുപതു ശതമാനത്തില്‍ കൂടുതല്‍ പേരും അവരുടെ മൊബൈല്‍ കുട്ടികള്‍ക്കുപയോഗിക്കാനായി കൊടുക്കുന്നുണ്ട്.പതിനാറു വയസ്സെത്തുമ്പോഴാണ് ഒരു മനുഷ്യന്റെ മസ്തിഷ്കം പൂര്‍ണ വളര്‍ച്ചയെത്തുന്നത്. അതിനാല്‍ കുട്ടികളില്‍ മൊബൈല്‍ഫോണിന്റെ ഉപയോഗം മൂലമുള്ള രോഗസാധ്യത വളരെയേറെയാണ്.മൊബൈല്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉറക്കക്കുറവ്, ക്ഷീണം, ശരീരവേദന, ഓര്‍മ്മക്കുറവ്, കണ്ണിനും ചെവിക്കും സംഭവിക്കുന്ന തകരാറുകള്‍ മുതലായവ.ഞാന്‍ സമീപിച്ചവരില്‍ പകുതിയിലേറെ പേര്‍ക്കും മൊബൈലിന്റെ തുടര്‍ച്ചയായ ഉപയോഗം മൂലം ഇതുപോലുള്ള അസുഖങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു.

മൊബൈലിന്റെ അമിതോപയോഗം 'റിംഗ്സൈറ്റി'എന്ന മാനസിക വിഭ്രാന്തിക്ക് കാരണമാക്കിയ ഉദാഹരണങ്ങളും കണ്ടിട്ടുണ്ട്. മൊബൈല്‍ റിങ്ടോണ്‍ സ്ഥിരമായും തുടര്‍ച്ചയായും കേള്‍ക്കുക വഴിയുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണം മൊബൈല്‍ റിങ്ടോണ്‍ കേള്‍ക്കുക എന്നതാണ്.

പത്ത് വര്‍ഷത്തില്‍ അധികം സ്ഥിരമായി സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മസ്തിഷ്ക ക്യാന്‍സറും ശ്രവണനാളത്തില്‍ കണ്ടുവരുന്ന ന്യൂറോമാസ് എന്ന ക്യാന്‍സറും പിടിപെടാന്‍ ഇരുപതു ശതമാനത്തിലധികം സാധ്യതയുണ്ട്. ഒരു വശത്തെ ചെവിയില്‍ മാത്രം ഫോണ്‍ വച്ചു സംസാരിക്കുന്നത് രോഗസാധ്യത വളരെയേറെ വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.എന്നാല്‍ ഓരോരുത്തുടെയും ജനിതക ഘടനാപരമായ സവിശേഷതയ്ക്കും ഭൗതിക രാസമാറ്റത്തിനും അനുസരിച്ച് റേഡിയേഷന്റെ സാന്നിധ്യത്തില്‍ മാറ്റം സംഭവിക്കും.


സാമൂഹ്യ പ്രശ്നങ്ങള്‍

സര്‍ക്കാര്‍ ജോലിക്കപേക്ഷ അയയ്ക്കാനും പ്ലസ് ടുവിനും കോളേജിനും അഡ്മിഷന്‍ നേടാനും ബാങ്ക് ഇടപാടുകള്‍ക്കുമൊക്കെ മലയാളിയുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖലയിലും വെറും പതിനഞ്ച് വര്‍ഷം കൊണ്ട് വിവരസാങ്കേതിക വിദ്യ കടന്നുകയറിക്കഴിഞ്ഞു. കമ്പൂട്ടറില്‍ നിന്നും കിടപ്പറയില്‍ തലയമക്കരികിലെ മൊബൈല്‍ഫണ്‍ വരെ വിവരസാങ്കേതികിദ്യ വളരുന്നതോടൊപ്പം കുറ്റ കൃത്യങ്ങളും ഹൈടെക് ആയി. റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ കുറ്റങ്ങളുടെ എണ്ണം ഓരോ വര്‍ഷവും മൂന്നും നാലും മടങ്ങ് വച്ച് കൂടുകയാണ്.

ബാങ്കിങ് തട്ടിപ്പ്, മണിചെയിന്‍, വ്യാജലോട്ടറി തട്ടിപ്പ് മുതലായവയ്ക്കൊക്കെ ഇന്ന് സൈബര്‍ വകഭേദങ്ങളുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ രണ്ടു തരമുണ്ട്- സൈബര്‍ സംവിധാനങ്ങളുപയോഗിച്ച് മാത്രം ചെയ്യുന്നവും, സൈബര്‍ സംവിധാനങ്ങളിലൂടെ നടത്തുന്ന സാധാരണ കുറ്റകൃത്യങ്ങളും. ഓണ്‍ലൈന്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ എസ്.എം.എസ് വഴിയോ ഭീഷണിപ്പെയുത്തുക, അതുവഴി പണം തട്ടുക, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഓണ്‍ലൈന്‍ പെണ്‍വാണിഭം, അശ്ലീല സാഹിത്യവും വീഡിയോ ചിത്രങ്ങളും വിവരണം നടത്തുക മുതലായവയൊക്കെ സൈബര്‍ സംവിധാനത്തിലൂടെ നടത്തുന്ന സാധാരണ കുറ്റകൃത്യങ്ങളാണ്.കേരളത്തില്‍ തൊണ്ണൂര് ശതമാനം സൈബര്‍ കേസുകളും ഈ ഗണത്തില്‍ പെടുന്നവയാണ്.


മൊബൈല്‍ ക്യാമറ - വിപത്തുകള്‍

ഫോണ്‍ ചെയ്യാനുള്ള വസ്തുവെന്നതിനപ്പുറം മറ്റുള്ളവരുടെ സ്വകാര്യത പകര്‍ത്താന്‍ ഉപയോഗിക്കുന്ന വസ്തുവായി മൊബൈലിന്റെ നിര്‍വചനം മാറിക്കഴിഞ്ഞിരിക്കുന്നു. ജീവനുവേണ്ടി യാചിക്കുന്നവന്റെ മരണവേപ്രാളം പോലും മൊബൈല്‍ഫോണില്‍ ഷൂട്ട് ചെയ്ത് ആസ്വദിക്കാനും മലയാളി മര്സരിക്കുന്നു.അന്യരുടെ ജീവിതത്തിന്റെ രഹസ്യ നിമിഷങ്ങളില്‍ കടന്നുകയറുന്നതില്‍ നിന്നും കുറ്റകൃത്യത്തിന്റെ വലിയ മുഖങ്ങളിലേക്ക് മൊബൈല്‍ എന്ന ചെറിയ ഒരു ഉപകരണം കടന്നുകയറിക്കഴിഞ്ഞു. ആലപ്പുഴയിലെ മൂന്നു യുവാക്കള്‍ സ്വന്തം മാതാവിന്റെ നഗ്ന ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാര്‍ത്ത സംസ്കാര കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്. എറണാകുളത്തെ ആശുപത്രിയിലെ എക്സ്റേ മുറിയില്‍ ഒളിക്യാമറ ,തീവണ്ടിയിലെ ടോയ്ലറ്റില്‍ കോഴിക്കോട്ടെ ഹോട്ടലില്‍ ഒളിക്യാമറ, ഇങ്ങനെ നീളുന്നു സാംസ്കാരിക കേരളത്തിന്റെ ഒളിക്യാമറ വിശേഷങ്ങള്‍. ഒളിക്യാമറ ഉപയോഗിച്ച് വീഡിയോ ചിത്രീകരണത്തില്‍ യുവാക്കള്‍ മാത്രമല്ല, യുവതികളും ഒട്ടും പിന്നിലല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് കൊല്ലത്തെ ഒരു എഞ്ചിനീയറിങ് കോളേജിലെ സംഭവം. കാമുകനുവേണ്ടി യുവതി കൂട്ടുകാരികളുടെ നഗ്ന ചിത്രങ്ങളാണ് പകര്‍ത്തി നല്‍കിയത്. പെണ്‍കുട്ടികള്‍ കുളിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന അധ്യാപകനും ബാര്യുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന കോട്ടയത്തെ ഭര്‍ത്താവുമെല്ലാം കലാസാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ എന്നെന്നും മുന്നിലെന്ന് ഊറ്റം കൊള്ളുന്ന കൊച്ചുകേരളത്തിന് അപമാനം തന്നെയാണ്.


ലോട്ടറിയുടെ കുരുക്കുകള്‍

എസ്,എം.എസ് ലോട്ടറിയും മൊബൈല്‍ കൊമേഭ്സും സൈബര്‍ കുറ്റകൃത്യത്തിന്റെ കുത്തകകളായി മാറുകയാണ്. ലക്ഷങ്ങളുടെ സമ്മാനവാഗ്ദാനവുമായി മൊബൈല്‍ ഫോണില്‍ മെസ്സേജ് എത്തുമ്പോഭോ വിളിയെത്തുമ്പോഴോ മലയാളികള്‍ മറ്റൊന്നും ചിന്തിക്കാതെ അതിനോട് പ്രതികരിക്കുമ്പോള്‍ നഷ്ടമാകുന്നത് ലക്ഷങ്ങളാണ്.

ലോട്ടറിയടിച്ചെന്ന് ആദ്യം എസ്.എം.എസ് സന്ദേശമാണെത്തുക. ഇതിനോട് താത്പര്യത്തോടെ പ്രതികരിക്കുന്നവരെയാണ് തട്ടിപ്പുകാര്‍ കുരുക്കുന്നത്. അതിനുശേഷം ഫോണ്‍കോളില്‍ വീഴ്ത്തും. പണം കൈമാരാന്‍ നികുതിക്കും കരാറെഴുത്തിനുമെന്നൊക്കെ പറഞ്ഞ് പണം ആവശ്പ്പെടും. നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പറും നല്കും. പണം കിട്ടിയാല്‍ പിന്നെ ലോട്ടരിക്കാരുടെ പൊടിപോലും കാണില്ല. ബാങ്ക് ഇടപാടും ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡിടപാടുകളും മൊബൈല്‍ഫോണിലേക്ക് ചേക്കേരിത്തുടങ്ങിയതോടെ കാത്തിരിക്കുന്നത് വലിയ മൊബൈല്‍ കൊമേഴ്സ് തട്ടിപ്പുകളാണ്. ആളുകളെ തെറ്റിധരിപ്പിച്ച് ബാങ്ക് അക്കൗണ്ടുകളില്‍നിന്നും പണം തട്ടുന്ന ഫിഷിങ്ങിന് സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരും ഒരുപോലെ ഇരയായിക്കൊണ്ടിരിക്കുകയാണ്. വെറുമൊരു ഇ-മെയില്‍ സന്ദേശമയച്ച് ലക്ഷങ്ങള്‍ തട്ടുന്ന നൈജീരിയക്കാലെ തോല്‍പ്പിക്കാന്‍ ആരുമില്ല.മലയാള നാട്ടില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടുന്ന കഥ നിത്യസംഭവമായി കഴിഞ്ഞിരിക്കുന്നു. സംഭവം തട്ടിപ്പാണെന്നറിഞ്ഞിട്ടും പണത്തോടുള്ള അത്യാര്‍ത്തി മൂത്ത് വീണ്ടും വീണ്ടും ചൂണ്ടയില്‍ കുരുങ്ങുകലാണ് കേരളീയര്‍.

വ്യാജഫോണ്‍ നമ്പരുകള്‍

വ്യാജ സിം കാര്‍ഡെടുത്ത് സ്ത്രീകളെ ശല്യപ്പെടുത്തുന്ന വിരുതന്മാരുടെ എണ്ണം പെരുകിവരുകയാണ്.ഇത്തരം നമ്പറുകള്‍ക്കെതിരേ പരാതി പോകുമ്പോള്‍ അന്യേഷണസംഘം ആദ്യമെത്തുന്നത് തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമയില്ക്കാണ്. തുടരന്വേ,ണത്തില്‍ വ്യാജസിംകാര്‍ഡിന്റെ ഉടമയെ കണ്ടെത്താനാകുന്നു.ഇങ്ങനെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സൈബര്‍ സെല്ലിന്റെ പ്രവര്‍ത്തനത്തിലൂടെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു.പെണ്‍കുട്ടികളെയും,സ്ത്രീകളെയും വര്‍ഷങ്ങളായി

മൊബൈല്‍ വഴി s.m.s അയച്ചും വിളിച്ചും ശല്യം ചെയ്തിരുന്ന വിരുതന്‍ വരെ സൈബര്‍ സെല്ലില്‍ കുടുങ്ങി.

ബ്ലൂടൂത്ത് വില്ലനാകുമ്പോള്‍

ഇലക്ട്രോണിക് ഉകരണങ്ങള്‍ തമ്മില്‍ വയര്‍ലെസ് ബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത്. ഇന്ന് മൊബൈല്‍ഫോണിലും ബ്ലൂടൂത്ത് സാധാരണമായതോടെ അത് വില്ലനായി മാറിയിരിക്കുന്നു. അന്യരുടെ മൊബൈലിലെ മെമ്മറി കാര്‍ഡിലെ വിവരങ്ങളും വീഡിയോകളും ഈ സാങ്കേതികവിദ്യയിലൂടെ ഉടമ അറിയാതെ ചോരുകയാണ് ചാരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചും തട്ടിപ്പുകള്‍ വ്യാപകമാവുകയാണ്.അതിനെ ബ്ലൂസ്റ്റര്‍ ഫിംഗ് എന്നാണ് പറയുക.സൂപ്പര്‍ ബ്ലൂടൂത്ത് പാക്ക് എന്ന സോഫ്റ്റ് വെയറുകളുപയോഗിച്ചുള്ള തട്ടിപ്പ് ഏറിവരികയാണ്.ഫോണ്‍ കേടുപാടുകള്‍ തീര്‍ക്കാനായി സര്‍വ്വീസ് സെന്ററില്‍ കൊടുക്കുമ്പോഴും അവിടെയും ചോര്‍ത്തലുകള്‍ ഉണ്ടാകുന്നു.


വിനയാകുന്ന രാത്രിസല്ലാപം

രാത്രി പത്തുമണി കഴിഞ്ഞാല്‍ ചില കമ്പനികള്‍ സൗജന്യ നിരക്കിലും ചില കമ്പനികള്‍ തീര്‍ത്തും സൗജന്യമായും ഫോണ്‍ വിളിക്കാനുള്ള സൗകര്യം നല്‍കുന്നു. ഈ സൗകര്യം ഫോണ്‍ സെക്സുകാര്‍ക്ക് സുവര്‍ണകാലമാണ്.ഇതിനനുസരിച്ച് ഇന്റര്‍നെറ്റില്‍ എത്തുന്ന ലൈംഗിക സംസാരത്തിന്റെ ഓഡിയോക്ലിപ്പിങ്ങുകളുടെ എണ്ണം വര്‍ധിക്കുന്നു.മൊബൈല്‍ സംഭാഷണങ്ങള്‍ ടേപ്പ് ചെയ്യുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ സമൂഹത്തിലെ ഉന്നതര്‍ വരെയുണ്ട്. സേവന ദാതാക്കള്‍ പോലും അറിയാതെയാണ് ഉത്തരം സംഭാഷണങ്ങള്‍ ടേപ്പ് ചെയ്യുന്നത്. ടെലഗ്രാഫ് ആക്ട് പ്രകാരം ഒരാളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്ന നിലയില്‍ ഇത് വളരെ ഗൗരവമേറിയതാണ്.രാത്രി ഒരു മണിക്കും മൂന്നുമണിക്കുമിടയില്‍ നടക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാല്‍ എണ്‍പതു ശതമാനത്തിലധികവും അശ്ലീല സംഭാഷണങ്ങളാണെന്നാണ് പോലീസ് ഭാഷ്യം.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതെങ്ങനെ?

സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഒരു നിശ്ചിത സ്ഥലത്തുനിന്നാകില്ല. വിദേശങ്ങളില്‍ നിന്നു പോലും തട്ടിപ്പ് നടത്തുന്ന വിരുതന്മാരുണ്ട്. കുറ്റകൃത്യങ്ങള്‍ക്കിരയായ ഒരാള്‍ക്ക് അയാള്‍ താമസിക്കുന്ന പരിധിക്കുള്ളിലെ പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ സെല്ലിലോ പരാതി നല്‍കാനാകും. തിരുവനന്തപുരത്തുള്ള ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലും നേരിട്ട് പരാതി നല്‍കാം. ലോക്കല്‍ സ്റ്റേഷനില്‍ നല്‍കുന്ന പരാതികളില്‍ പ്രാഥമികമായ അന്വേഷണ ശേഷം സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെങ്കില്‍ തിരുവനന്തപുരത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുന്നു. ഇതുകൂടാതെ ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും പരാതി സമര്‍പ്പിക്കാനാകും.

സൈബര്‍ പോലീസ് സ്റ്റേഷന്‍ ഫോണ്‍നമ്പര്‍ -0471 2449090

-മെയില്‍ അഡ്രസ്സ് - cyberps@ @keralapolice.gov.in

പരാതി എസ്.എം.എസ് ചെയ്യാന്‍ 9497900000

No comments: